Monday, November 24, 2008

അഫ്ഗാൻ ഹൂണ്ട്

ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും.ഇന്റർനെറ്റിൽ ഇതു പ്രസിദ്ധീകരിച്ചവരോടും.

ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചക്കാരന്റെ മനം കവരുന്ന സുന്ദരൻ നായ എന്ന് വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. പൊക്കവും ഭംഗിയുള്ള നിറത്തോടുകൂടിയ സമൃദ്ധമായതും നീളമുള്ളതുമായ സിൽക്കി രോമവും ആണിവയുടെ അഴകിന്റെ രഹസ്യം.അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ ആണിവയുടെ ജന്മദേശം എങ്കിലും ഇന്നിവ സമ്പന്നരായ നായ്‌വളർത്തലുകാരുടെ അഭിമാന ചിഹ്നമായി മാറിയിരിക്കുന്നു.നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ നായ് ജനുസ്സിന്. പത്തൊമ്പതാം നൂറ്റാണ്ടിലും മറ്റും ബ്രിട്ടണിലെയും മറ്റും പ്രഭുക്കന്മാരുടെ ഇഷ്ട ജനുസ്സായിരുന്നു ഒരുകാലത്തിവ.

പൊക്കം 63-74 സെന്റീമീറ്റർ,തൂക്കം സാധാരണ ഗതിയിൽ 20 മുതൽ 30 കിലോ വരെ.നീളൻ രോമത്തിൽ തുരുമ്പിന്റെ നിറം,വെളുപ്പ്,കറുപ്പു തുടങ്ങി സമ്മിശ്രമായ നിറക്കൂട്ടുകൾ ഇവയുടെ പ്രത്യേകതയാണ്.ഒറ്റപ്രസവത്തിൽ ആറുമുതൽ എട്ടുവരെ കുഞ്ഞുങ്ങൾ ഇവക്കുണ്ടാകും.ശരാശരി ആയുസ്സ് 11 മുതൽ 13 വരെ ആണ്.

പൊതുവെ “മൂഡിയായി“ ഇരിക്കുന്ന ഇവ അപരിചിതരുമായി ഇടപെടുവാൻ ഇഷ്ടപ്പെടുന്നില്ല, അല്പം ആക്രമണകാരിയും ആണ്.മാത്രമല്ല ഇടക്കൽ‌പ്പം വശിക്കാരും ആണ്.കാവലിനായി ഉപയോഗിക്കാം എങ്കിലും കൂടുതൽ ആളുകളും ഇവയെ “ഷോക്ക്” വേണ്ടിയാണ് വളർത്തുന്നത്. ശരിയായ പരിശീലനം നൽകിയില്ലെങ്കിൽ ഇവ പലപ്പോഴും യജമനനു “ചീത്തപ്പേരു“ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ അസുഖങ്ങൾ പ്രത്യേകിച്ചും ഫംഗസ്സ് ബാധ ഉണ്ടാകുവാൻ ഇടയുണ്ട്.

പാരമൊഴി: ഭംഗിയുള്ള ചില പെണ്ണുങ്ങളെ പോലെ ആണിവ. കാണാൻ കൊള്ളാം പെരുമാറാൻ കൊള്ളില്ല.കൊണ്ടുനടക്കുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ.ഒരു കൌ‌തുകത്തിനു സ്വന്തമാക്കിയാൽ സംഗതി പിന്നീട് പുലിവാലാകും..

ഡാൽമേഷ്യൻ

ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും നെറ്റിൽ ഇതു നൽകിയവരോടും.

ഡാൽമേഷ്യൻ ജനുസ്സിൽ ഉള്ള നായ്ക്കളെ മറ്റുള്ളവയിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ വേർതിരിക്കുന്നത് ഇവയുടെ ശരീരത്തിലെ പുള്ളികൾ ആണ്.വെളുത്ത നിറത്തിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിൽ(അപൂർവ്വമായി കടും നീലയും,ലിവർ നിറവും മറ്റും ഉണ്ടാകാം) ഉള്ള പുള്ളികൾ ഇവയുടെ സൌന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. നോവലുകളിലും,ചിത്രകഥകളിലും , പരസ്യങ്ങളിലും,സിനിമകളിലും (101 ഡൽമേഷ്യൻ പോലുള്ള) ഇവയുടെ ഈ പ്രത്യേകത പലപ്പോഴും അവയുടെ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവു പകർന്നിട്ടുണ്ട്.


നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു ജനുസ്സാണ് ഡാൽമേഷ്യൻ. ഇവയുടെ ജന്മദേശത്തെപറ്റി പല അഭിപ്രായങ്ങളും ഇന്നും നിലനിൽക്കുന്നു എങ്കിലും ക്രൊയേഷ്യയുടേ തെക്കൻ ഭാഗങ്ങളിൽ ഉള്ള ഡാൽമേഷ്യയിൽ ആണിവയുടെ ജന്മദേശം എന്നും അതിനാലാണീ പേരു ലഭിച്ചതെന്നും കൂടുതൽ പേർ വിശ്വസിക്കുന്നു.


ഉയർന്ന ശിരസ്സും പുറകിലേക്ക് പോകുമ്പോൾ തഴ്ന്ന് വരുന്ന ശരീരവും ഇവയുടെ പ്രത്യേകതയാണ്.അധികം രോമം ഉള്ളവയല്ല ഇവ. പൊക്കം 54 മുതൽ 61 സെന്റീമീറ്ററും സാധാരണഗതിയിൽ 20-27 കിലോ തൂക്കവും വരും ഇവക്ക്. വെളുപ്പിൽ കറുപ്പോ ലിവറിന്റെ നിറമോ ആണിവയുടെ “അംഗീകൃത“ നിറം.11 മുതൽ 3വർഷം വരെ സാധരണഗതിയിൽ ഇവ ജീവിക്കുന്നു.
നല്ല ചുറുചുറുക്കുള്ള ഇവ പൊതുവെ ശാന്ത സ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവും ആണെങ്കിലും പ്രധാന ന്യൂനത മറ്റു ജനുസ്സുകളെ അപേക്ഷിച്ച് രോമം ധാരാളമായി കൊഴിയുന്നു എന്നതണ്,വെളുത്ത നിറം ആയതിനാല ഇടക്കിടെ ശരീരം വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് എടുത്തുകാണിക്കും.കൂടാതെ ഈ വർഗ്ഗത്തിനിടയിൽ ജനിതക വൈകല്യം മൂലം ചെവികേൾക്കാത്ത നായ്ക്കുട്ടികൾ ധാരാളം ഉണ്ട്. പലപ്പോഴും ഇവ കുരക്കുന്നില്ല/ജാഗ്രതയില്ല എന്ന് പരാതി പറയുന്നത് കേൾക്കാം,ഒരു പക്ഷെ ഇത് കേൾവിക്കുറവിന്റെ പ്രശനം കൊണ്ടാകാം.
നാട്ടിൽ ഇവക്ക് ഏകദേശം 2500 രൂപ മുതൽ മുകളിലേക്ക് വിലയുണ്ട്.പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ളവക്ക് വിലകൂടും.

രാജപാളയം



ചിത്രത്തിനു കടപ്പാട് ഗൂഗിളിനോടും നെറ്റിൽ ഈ ചിത്രം കൊടുത്ത വിക്കിപീഡിയ കൂടാതെ മറ്റു വല്ലവരും ഉണ്ടെങ്കിൽ അവരോടും.


ഇന്ത്യൻ ജനുസ്സിൽ പെട്ട ഈ നായ്ക്കൾ തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്‌ ധരാളമായി കണ്ടുവരുന്നു,ഇതിൽ നിന്നും ആണ്‌ ഇവക്ക്‌ രാജപാളയം എന്ന പേരു ലഭിച്ചത്‌.പണ്ട്‌ രാജഭരണകാലത്ത്‌ ഇവയെ വേട്ടക്കായും യുദ്ധത്തിനായും ഒക്കെ ഉപയോഗിച്ചിരുന്നു.ഇന്ന് ഇവയുടെ എണ്ണം വളരെ കുറവാണ്‌,വംശനാശം സംഭവിക്കാതിരിക്കുവാൻ നായ്പ്രേമികളും തമിഴ്‌നാട്‌ സർക്കാരും ഇവയെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌.


വർക്കിങ്ങ്‌ ഗ്രൂപ്പിൽ പെടുന്നതണ്‌ രാജപാളയം നായ്ക്കൾ.ഓടിനടക്കുവാൻ ധാരാളം സ്ഥലം ആവശ്യമുള്ള ഇവയെ ശരിയായി പരിശീലനം നടത്തിയാൽ ഈ വിഭാഗത്തിൽ പെടുന്ന മറ്റു വിദേശജനുസ്സുകൾക്കൊപ്പം നിർത്താം. രോമം കുറഞ്ഞ്‌ അധികം തടിയില്ലാത്ത ശരീരവും കൂർത്തമുഖവും ഉള്ള തഴേക്ക്‌ തൂങ്ങിക്കിടക്കുന്ന ചെവികളോടും കൂടിയവയാണ്‌ രാജപാളയം നായ്ക്കൾ.ഇവയുടെ മൂക്കിന്റെ തുമ്പത്ത്‌ ഇളം പിങ്ക്‌ നിറം കാണാം.65-75 സെന്റീമീറ്റർ വരെ ആണു ഇവിയയുടെ ഉയരം. നിറം അധികവും ഇളം മൻഞ്ഞയോ മഞ്ഞകലർന്ന വെളുപ്പോ ആയിരിക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവർ ഉടമസ്ഥർക്ക്‌ ശല്യം ഉണ്ടാക്കാത്തവയാണ്‌.അപരിചിതരെ അകറ്റിനിർത്തുന്നതിൽ ഇവ പ്രത്യേകം ശ്രദ്ധാലുക്കളാണ്‌.നല്ല ഒരു കാവൽ നായ എന്നതിനു ഏറ്റവും അനുയോജ്യമായ വിഭാഗമാണ്‌ രാജപാളയം.ഇന്ത്യൻ ജാനുസ്സായതിനാൽ പൊതുവെ അസുഖങ്ങൾ കുറവുമാണ്‌.


ഇനിയും വേണ്ടത്ര പ്രചാരം ഇവക്ക് ലഭിച്ചിട്ടില്ല എന്നതണ് സത്യം.ഒരു പക്ഷെ ഇവയുടെ അപ്പിയറൻസ് അത്രക്ക് മികച്ചതല്ലാത്തതിനാൽ ആയിരിക്കും കേരളത്തിലെ ശ്വാനപ്രേമികൾക്കിടയിലും ഇവ അത്രകണ്ട് സ്വീകര്യർ അല്ലാത്തത്.

പിന്മൊഴി:വിലയെ കുറിച്ച് വ്യക്തമായ അറിവു ലഭ്യമല്ല.നായ്ക്കളെ കുറിച്ച് വിവരം തന്നിരുന്ന വിശ്വംഭരേട്ടൻ നമ്മെ വിട്ടുപോകുകയും ചെയ്തു.

Saturday, October 4, 2008

വിശ്വംഭരേട്ടനു ആദരാഞ്ജലി

നായ്ക്കുട്ടികളെ വാങ്ങുവാനും മറ്റും പോയി തുടങ്ങിയ പരിചയം ആയിരുന്നു വിശ്വംഭരേട്ടനും ഞാനും തമ്മിൽ. ഇന്റർ നെറ്റിനെ കുറിച്ച് വലിയ ഗ്രാഹ്യം ഒന്നും ഇല്ലെങ്കിലും പാർപ്പിടം ബ്ലോഗ്ഗിനെ കുറിച്ച് സന്ദർഭവശാൽ ഞാൻ പറഞ്ഞപ്പോൾ എന്തുകൊണ്ട് നിനക്ക് നായ്ക്കുട്ടികൾക്കായി ഒരു ബ്ലോഗ്ഗുതുടങ്ങിക്കൂടാ എന്ന് പറഞ്ഞ് ഈ ബ്ലോഗ്ഗുതുടങ്ങുവാൻ പ്രേരിപ്പിച്ച, ഒരു നല്ല നായ്‌വളർത്തലുകാരൻ ആയിരുന്ന പ്രിയപ്പെട്ട വിശ്വംഭരേട്ടനു ആദരാഞ്ജലികൾ. വിദേശത്തായതിനാൽ വളരെ വൈകിയാണ് ഞാൻ അദ്ദേഹം ഞങ്ങളെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ്ക്കളെയും വിട്ടുപിരിഞ്ഞ വിവരം അറിഞ്ഞത്.

പോമറേനിയൻ


ചിത്രത്തിനു കടപ്പാട് ഗൂഗിളിനോടും ഇന്റർനെറ്റിൽ ഈ പടം പ്രസിദ്ധീകരിച്ചവരോടും.

വെളുത്ത്‌ പഞ്ഞിക്കെട്ടുപോലെ നിരന്തരം കലപില കൂട്ടുന്ന സദാ ചുവന്ന നാക്കു പുറത്തിടുന്ന ഒരു കുള്ളൻ നായ്‌ ഇതായിരിക്കും പോമറേനിയൻ എന്ന് കേൾക്കുമ്പോളേ ആളുകളുടെ മനസ്സിൽ വരുന്ന ചിത്രം.കേരളത്തിൽ ഒരുകാലത്ത്‌ "പൊങ്ങച്ചക്കാരികളുടെ ഒക്കത്ത്‌"ഉം അവരുടെ മാരുതി 800 റിലും എല്ലാം ഈ ജനുസ്സിൽപ്പെട്ട നായ്ക്കളെ യദേഷ്ടം കാണാമായിരുന്നു. ചെറിയ ജനുസ്സിൽ(ടോയ്‌ ഗ്രൂപ്പ്‌) പെടുന്ന ഇവ ഇന്നത്തെ കിഴക്കൻ ജർമ്മനിയുടെയും പോളണ്ടിന്റേയും പ്രാന്തപ്രദേശങ്ങളിൽ ആണിവന്റെ ജനനം എന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും പോപ്പുലർ ആയ നായ്ജനുസ്സുകളിൽ ഒന്നാണ് പോമറേനിയൻ. ചുറുചുറുക്കും കുസൃതിനിറഞ്ഞ മുഖഭാവവും ഉള്ള ഇവ പെട്ടെന്ന് ആളുകളുമായി ഇണങ്ങുന്നു.അപരിചിതരെ കണ്ടാൽ കുരച്ച്‌ ബഹളം വെക്കുന്ന ഇവ പലപ്പോഴും അയൽക്കാർക്ക്‌ "ശല്യ"ക്കാരനായി മാറാറുണ്ട്‌.

കുട്ടികളുമായും മറ്റും വളരെ സൗഹൃദത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന പൊതുവെ വീട്ടിനകത്ത്‌ വളർത്തുവാൻ കഴിയുന്ന പോമറേനിയൻ കുട്ടികൾക്ക്‌ ണല്ലോരു കളിത്തോഴൻ/ഴി കൂടിയാണ്‌. യജമാനരിൽ നിന്നും പ്രത്യേക ശ്രദ്ധയും ലാളനയും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്‌ പോമറേനിയൻ നായ്ക്കൾ. ധാരാളം രോമങ്ങൾ ഉള്ളതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ളവരിലേക്ക്‌ പലവിധ അലർജിയും മറ്റു അസുഖങ്ങളും പകരുവാൻ ഇടയുണ്ട്‌.കിറൃത്യയി ചീകിയും കുളിപ്പിചും "ഡോഗ്‌"പൗഡറുകൾ ഇട്ടും ശ്രദ്ധിച്ചില്ലെങ്കിൽ ഇവയുടെ രോമങ്ങൾക്കിടയിൽ ചെള്ളും മറ്റു പരാദങ്ങളും വളർന്ന് ഇവയുടെ രൊമം കൊഴിയുവാൻ സാധ്യതയുണ്ട്‌.നായക്കളുടെ രോമം വർഷത്തിൽ ഒരിക്കൽ കൊഴിഞ്ഞുപുതിയതു വരും അതുപോലെ പ്രസവത്തോടനുബന്ധിച്ച്‌ പട്ടികളിൽ രൊമം കൊഴിഞ്ഞുപുതിയ രോമം വരുമത്രേ!

എഴുന്നു നിൽക്കുന്ന കുഞ്ഞിചെവിയും കുറിയകാലുകളും രോമനിബിഡമായ പൊക്കം കുറഞ്ഞ ശരീരവും ഉള്ള ഇവ ഏകദേശം 1.4 മുതൽ 3 കിലോ വരെ തൂക്കം വരും. പന്ത്രണ്ടുമുതൽ ഇരുപതു വർഷം വരെ ആണിവയുടെ ആയുസ്സ്‌.പ്രചനനം അടുത്തടുത്ത്‌ നടത്തുന്ന ഒരു പ്രവണയും ഇവക്കുണ്ട്‌.വെളുപ്പ്‌, കറുപ്പ്‌, സ്വർണ്ണനിറം,നീല,തുരുമ്പിന്റെ നിറം,ഇളം മഞ്ഞ,ചുവപ്പ്‌,ചോക്ലേറ്റ്‌, തുടങ്ങിയവയാണ്‌ സാധാരണ ഇവയുടെ നിറങ്ങൾ.ഇതിലെ നിറങ്ങൾ പലതും ഇടകലർന്നും വരുന്നതും സാധാരണമാണ്‌.

കുറഞ്ഞ സ്ഥലത്തു (വീടിനുള്ളില്പോലും) വളർത്താമെന്നതും വിലയും വളർത്തുന്നതിനുള്ള ചിലവും വളരെ കുറവാണെന്നതും നായ്‌വളർത്തലുകാരെ ഈ ബ്രീഡിനെ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിക്കുന്നു.വില നാട്ടിൻ പുറങ്ങളിൽ 500 മുതൽ മുകളിലേക്കാണ്.കെന്നൽ ക്ലബ്ബിന്റെ സർട്ടിഫിക്കറ്റും,റെയർ കളറും ഉള്ളവക്ക് വിലകൂടും.

പാരമൊഴി: ഐസക്ക്‌ ന്യൂട്ടന്റെ ഇരുപതുവർഷത്തെ കണ്ടുപിടുത്തങ്ങളുടെ കുറിപ്പുകൾ ഒറ്റ കാന്റിൽ ലൈറ്റു മരിച്ചിടുന്നതിലൂടെ കത്തിച്ചാമ്പലാക്കിയ വിരുതൻ ഇവരുടെ കൂട്ടത്തിൽ പെട്ട നായയാണത്രേ!

Monday, August 4, 2008

നീയോപോളിറ്റൻ മാസ്തിഫ്‌



ചിത്രത്തിനു കടപ്പാട്‌ ഗൂഗിൾ സെർച്ചിനോട്‌.


ഒറ്റനോട്ടത്തിൽ ഒരു പൊണ്ണത്തടിയൻ നായ്‌ ഇതായിരിക്കും നീയോപോളിറ്റൻ മാസ്തിഫ്‌ എന്ന ജാനസ്സിൽ പെട്ട നായ്ക്കളെ കാണുന്നവരിൽ ഉണ്ടാകുന്ന വികാരം. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ശരീരവും തലയിലും മുഖത്തും വലിയ ചുളിവുകളും താഴേക്ക്‌ തൂങ്ങിക്കിടക്കുന്ന താടയും നെപ്പോളിയൻ നീയോപോളിറ്റന്റെ പ്രത്യേകതയാണ്‌.ജന്മംകൊണ്ട്‌ ഇറ്റലിക്കാരായ ഇവ മികച്ച കാവൽ നായക്കളാണ്‌. വളരെ പഴക്കം ചെന്ന ജാനസ്സിൽ പെട്ട ഇവ ചരിത്രത്തിൽ പലയിടത്തും സ്ഥാനം പിടിച്ചിട്ടുള്ളവയാണ്‌.വേട്ടപട്ടികൾ എന്ന നിലയിൽ മാത്രമല്ല യുദ്ധരംഗത്തും ഇവ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്‌.



കുട്ടികളുമായി പെട്ടെന്ന് ഇണങ്ങുകയും പൊതുവെ ഒറ്റയജമാനന്മാരെ അനുസരിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇവ ശാന്ത സ്വഭാവക്കാരുമാണ്‌. എന്നാൽ അപരിചിതരെയും അധിക്രമിച്ചുകടക്കുന്നവരെയും ഇവ വളരെ കാര്യക്ഷമമായി തന്നെ നേരിടുകയും ചെയ്യും. കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കുവാൻ ഉള്ള ഇവയുടെ കഴിവ്‌ എടുത്തുപറയേണ്ടതാണ്‌. തീർച്ചയായും ഒരു കൗതുകം തോന്നി ഇവയെ സ്വന്തമാക്കുവാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവയുടെ ആരോഗ്യപരിചരണം തന്നെയാണ്‌.ഭക്ഷണത്തിലും ശുചിത്വത്തിലും ഈ ജനുസ്സ്‌ പ്രത്യേക ശ്രദ്ധ വേണ്ടവയാണ്‌.ഇവയുടെ തൊലിയുടെ ചുളിവുകളിൽ പൂപ്പൽ ബാധയും,ചെള്ളുകളും മറ്റും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്‌.വേണ്ട രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഇവയുടെ ശരീരത്തിൽ നിന്നും പെട്ടെന്ന് ദുർഗ്ഗന്ധം ഉണ്ടാകുവാനും സാധ്യതയുണ്ട്‌. പൊതുവെ ചൂടുകാലാവസ്ഥ ഇവക്ക്‌ അനുയോജ്യമല്ല.


കറുപ്പ്‌,ഗ്രേ,മഹാഗണി തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന ഇവയുടെ മേൽ ബ്രൗൺ,സിൽവർ,ബേജ്‌ നിറങ്ങളിൽ വരകളും ചിലപ്പോൾ ഉണ്ടാകാരുണ്ട്‌.കാലിലും നെഞ്ചിലും വെളുത്തചുട്ടിയും സാധാരണമാണ്‌. അറുപത്താറുമുതൽ എൺപതുസെന്റീമീറ്റർ ഉയരവും (പെൺ പട്ടികളിൽ ഇത്‌ യഥാക്രമം അഞ്ചുസെന്റീമീറ്റർ വേ കുറവ്‌ ഉണ്ടാകാം) അറുപതുമുതൽ എഴുറ്റ്പത്‌ വരെ കിലോ തൂക്കവും ആണ്‌ സാധാരണ ഇവയ്ക്ക്‌ കണ്ടുവരുന്നത്‌. തൂക്കത്തിന്റെ കാര്യത്തിൽ പലപ്പോഴും ഇവ മുൻപന്തിയിലാണ്‌.

Tuesday, July 29, 2008

ത്രിശ്ശൂരിൽ നായ്ക്കൾക്കായി ഒരു ഹോസ്റ്റൽ.

ത്രിശ്ശൂരിലെ മുണ്ടൂരിൽ(സ്ഥലപ്പേരു അതു തന്നെ ആണോ എന്ന് വ്യക്തമായില്ല) നായ്ക്കൾക്കായി ഒരു ഹോസ്റ്റൽ ഉള്ളതായി മനോരമ ന്യൂസിൽ കണ്ടു.ആ സ്ഥാപനത്തിന്റെ ദൃശ്യങ്ങളുനും ഉണ്ടായിരുന്നു.ഉടമസ്ഥൻ സ്ഥലത്തില്ലാത്തപ്പോൾ നായ്ക്കളെ എവിടെ സൂക്ഷിക്കും എന്നത്‌ പല നായ്‌വളർത്തലുകാരെയും അലട്ടുന്ന പ്രശനമായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ വർദ്ധിക്കുന്നതോടെ അതിനൊരു പരിഹാരം ആകും.ഒരേ സമയം നിരവധി നായ്ക്കളെ സൂക്ഷിക്കുവാൻ ഉള്ള സൗകര്യപ്രദമായ കൂടുകൾ ചികിത്സക്കുള്ള സംവിധാനങ്ങൾ തുടങ്ങി മികച്ച രീതിയിൽ തന്നെയാണ്‌ ഇതിന്റെ ഉടമസ്ഥർ ഈ ഹോസ്റ്റൽ ഒരുക്കിയിരിക്കുന്നത്‌.

ഇതിനു മുമ്പ്‌ ഇത്തരം ഒരു സ്ഥാപനം തിരുവനന്ദപുരത്ത്‌ തുടങ്ങിയതായി വർഷങ്ങൾക്ക്‌ മുമ്പ്‌ കേട്ടിരുന്നു. സ്വയം തൊഴിൽ കണ്ടെത്തുവാൻ ശ്രമിക്കുന്നവർക്ക്‌ ഒരുപാട്‌ സാധ്യതകൾ ഉള്ളതാണ്‌ ഈ രംഗം .