Monday, October 1, 2007

ലാബ്രഡോര്‍ റിട്രീവര്‍.


ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍ സെര്‍ച്ചിനോട്‌.
സിനിമയിലും മറ്റും ആളുകളുടെ മേല്‍ ചാടിവീണ്‌ കടിച്ചുകീറുന്ന രംഗങ്ങളിലും ബോംബ്‌ ബീഷണിയുള്ളിടങ്ങളില്‍ മണം പിടിച്ച്‌ ബോബ്‌ പരിശോധിക്കുന്നവര്‍ക്കിടയിലും ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന നായ്ക്കളാണ്‌ ലാബ്രഡോര്‍.കാഴ്ചയില്‍ കറുത്തനിറത്തില്‍ ഉള്ള ലാബിനു ഭീകരതതോന്നുമെങ്കിലും പൊതുവെ ശാന്തസ്വഭാവവും എളുപ്പത്തില്‍ പരിശീലനം സ്വായത്തമാക്കുന്നവരും ആണിവര്‍. മണപിടിക്കുവാനുള്ളകഴിവും നല്ലവണ്ണം ഉണ്ട്‌.


ജന്മംകൊണ്ട്‌ ന്യൂഫൗണ്ട്‌ ലാന്റുകാരനായ ഇവന്‍ നീന്തുവാനുള്ള കഴിവ്‌ ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവരായി മാറി.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ളവരാണിവര്‍. ഇവക്ക്‌ ധാരാളം വ്യയാമം ആവശ്യമാണ്‌. ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജാനസ്സുകളെ അപേക്ഷിച്ച്‌ അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യപ്രകൃതക്കാരായ "ലാബ്‌" ഇന്ന് നമ്മുടെ നാട്ടിലെ ജനപ്രിയ ജാനസ്സുകളില്‍ ഒന്നാണ്‌.


പരന്ന മുഖവും ഒടിഞ്ഞുതൂങ്ങിയ എന്നാല്‍ അധികം നീളമില്ലാത്ത താഴേക്ക്‌ ഒടിഞ്ഞുതൂങ്ങിയ ചെവിയും ശാന്തമായ മുഖഭാവവും ആണിവക്ക്‌. കറുപ്പ്‌, മഞ്ഞ, സ്വര്‍ണ്ണനിറം,ചോക്ലേറ്റ്‌ നിറം, മഞ്ഞകലര്‍ന്ന വെളുപ്പുനിറം എന്നീനിറങ്ങളില്‍ ലാബിനെ കണ്ടുവരുന്നു.അധികം നീളമില്ലാത്തരോമം ആണിവക്ക്‌. അതിനാല്‍ വൃത്തിയാക്കുവാന്‍ എളുപ്പമാണ്‌.വാലില്‍ രോമക്കുറവുള്ളത്‌ ഒരഭംഗിയാണ്‌.


പൊക്കം 55-60 സെന്റീമീറ്റര്‍ വരെയും


തൂക്കം25-35 കിലോവരെയും ആണ്‌.


പെണ്‍പട്ടിയെ വളര്‍ത്തി പ്രചനനം ചെയ്യീച്ച്‌ വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പറ്റിയ ഇനമാണെങ്കിലും പൊതുവെ വിലകുറവാണിവയുടെ കുട്ടികള്‍ക്ക്‌. പെഡിഗ്രി സര്‍ട്ടിഫിക്കറ്റില്ലാത്തതിനു തൃശ്ശൂരില്‍ 2000-3500 വരെയാണ്‌ വില.( കച്ഛവടക്കാര്‍ എന്തുപറഞ്ഞാലും മോഹവിലകൊടുത്തുവാങ്ങുവാന്‍ പറ്റിയ ഇനമല്ല)

Friday, September 28, 2007

നായ്ക്കുട്ടിയും പേരും


നല്ലൊരു നായ്ക്കുട്ടിയെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അടുത്തപടി അവക്ക്‌ ഒരു പേരിടുക എന്നതാണ്‌.പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നായ്ക്കുട്ടിക്ക്‌ എളുപ്പം "മനസ്സിലാകുന്ന" പേരുകള്‍ സെലക്റ്റ്‌ ചെയ്യുവാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ കൂടെകൂടെ അവയുടെ പേരുമാറ്റാതിരിക്കുക.ഒരു വീട്ടിലെ അല്ലെങ്കില്‍ അല്ലെങ്കില്‍ ആ നായ്ക്കുട്ടിയുമായി അടുത്ത്‌ പെരുമാറുന്നവര്‍ വ്യത്യസ്ഥപേരുകള്‍ വിളിക്കാതിരിക്കുക.നായ്ക്കുട്ടിക്ക്‌ "തന്റെ പേരു തിരിച്ചറിയുന്നതുവരെ" എപ്പോഴും അവയെ ആ പേരു വിളിക്കുവാന്‍ ശ്രദ്ധിക്കുക. (പ്യൂപൂ.. ഞൂ.. ട്ടോ.. തുടങ്ങിയ ശബ്ദങ്ങള്‍ ഉണ്ടാക്കി വിളിക്കാതിരിക്കുക.)പേരുവിളിച്ചാല്‍ അവ വിളിക്കുന്ന ആളുടെ അടുത്തേക്ക്‌ വരുവാന്‍ ഉള്ള പരിശീലനം നല്‍കുക.

ഇനി കെന്നല്‍ റെജിസ്റ്റ്രേഷന്‍ ഉള്ള നായ്ക്കുട്ടിയെ ആണ്‌ വാങ്ങുന്നതെങ്കില്‍ അവക്ക്‌ സര്‍ട്ടിഫിക്കേറ്റില്‍ ഉള്ള പേരുതന്നെ തുടര്‍ന്നും വിളിക്കുന്നതായിരിക്കും നല്ലത്‌.അഥവാ സര്‍ട്ടിഫിക്കേറ്റില്‍ ഉള്ള പേരുമാറ്റുന്നതിനു കെന്നല്‍ ക്ലബ്ബിനെ സമീപിക്കുക.സാധാരണ പേരുകള്‍ ആണ്‍പട്ടികള്‍ക്ക്‌ ടൈഗര്‍,റോക്കി,അപ്പു,ടിങ്കു, ടിപ്പു,ഡിങ്കോ,ബ്രൂണോ,ടോമി തുടങ്ങി കൈസറില്‍ വരെ എത്തുന്നു. പെണ്‍പട്ടികള്‍ക്കാകട്ടെ മാഗി,ബ്രൂണി/ബ്രൗണി, ബ്ലാക്കി,നീലു,ടീനു,ജൂലി,ബെറ്റി തുടങ്ങി പാറുവരെ ഉണ്ട്‌.ഇനി നിങ്ങളുടെ നായ്ക്കുട്ടിക്ക്‌ അനുയോജ്യമായ്‌ പേരിനു വെബ്‌സൈറ്റുകളില്‍ ഒന്ന് പരതിനോക്കുക.എപ്പോഴും നായ്ക്കളുടെ ബ്രീഡിനും വലിപ്പത്തിനും അനുയോജ്യമായ പേരു തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.

പാരമൊഴി: അയല്‍ക്കാരന്റെ മകളുടെയോ മകന്റേയോ ഒന്നും പേരിടല്ലെ! തല്ലിനു യാതൊരു ക്ഷാമവും ഉണ്ടാകില്ല.ഇനി ഒരു വെറൈറ്റിക്കുവേണ്ടി ദാക്ഷായണിയെന്നോ, കൊച്ചമ്മിണിയെന്നോ,തങ്കമണിയെന്നോ ഒക്കെ ഇടാവുന്നതാണ്‌.

Monday, September 17, 2007

ഡാഷ്ഹൂണ്ട്‌ Dachshundചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍ സെര്‍ച്ചിനോട്‌.
ഡാഷ്‌ എന്ന ചുരുക്കപ്പേരില്‍ നായ്പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇവ ചെറുജനുസ്സില്‍ പെടുന്ന നായ്ക്കളാണ്‌.വീടിനകത്തു വളര്‍ത്താന്‍ പറ്റിയ ജാനസ്സാണിത്‌.


ഇവയില്‍ മീനിയേച്ചറും,സ്റ്റാന്റേര്‍ഡും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്‌.മീനിയേച്ചര്‍ തീരെ ചെറുതും ഏകദേശം 2.5 മുതല്‍ 5 കിലോവരെ ഭാരം വരുന്നവയാണ്‌.ഇവയുടെ പൊക്കം പരമാവധി 12-15 സെന്റീമീറ്റര്‍ വരെയേ ഉണ്ടാകൂ.എന്നാല്‍ സ്റ്റാന്റേര്‍ഡാകട്ടെ 23 സെന്റീമീറ്റര്‍ വരെ പൊക്കം ഉള്ളവരും ഏകദേശം 10-12 കിലോവരെ തൂക്കം വരുന്നവരും ആണ്‌.

കുറഞ്ഞ്‌ മിനുസ്സമുള്ള രോമത്തോടുകൂടിയും നീളം രോമമുള്ളവയും പരുപരുത്തരോമമുള്ളവയും ആയി മൂന്നുതരത്തില്‍ രോമം ഉള്ളവര്‍ ഡാഷ്‌ ഹൂണ്ടിലുണ്ട്‌.


നിറം: കറുപ്പും,കറുപ്പില്‍ തുരുമ്പുനിറത്തില്‍ ചുട്ടിയുള്ളതും(ഡോബര്‍മാനും,റോട്ട്വീലറിനും ഉള്ളപോലെ),തവിട്ടുനിറം,തുരുമ്പിന്റെ നിറം എന്നിങ്ങനെ വ്യത്യസ്ഥമായ നിറങ്ങളില്‍ ഇവയെ കാണാം. കറുപ്പു നിറത്തിലുള്ള ഡാഷ്‌ ഹൂണ്ട്‌ നായ്ക്കള്‍ ആണ്‌ കാഴ്ചക്ക്‌ കൂടുതല്‍ ഭംഗി.


ആള്‍ കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും കാവലിന്റെ കാര്യത്തില്‍ മിടുക്കനാണ്‌ എങ്കിലും ശരീരത്തിന്റെ വലിപ്പക്കുറവ്‌ എതിരാളിയോട്‌ "നേരിട്ട്‌ ഏറ്റുമുട്ടുവാന്‍"ഉള്ള കാര്യത്തില്‍ ഒരു ന്യൂനതയാണ്‌. അപരിചിതരെ കണ്ടാല്‍ കുരച്ച്‌ ബഹളം വെക്കും എന്നാല്‍ പൂഡില്‍,പോമറേനിനയന്‍ വിഭാറ്റത്തെപ്പോലെ സദാസമയവും കുരച്ച്‌ വീട്ടുകാര്‍ക്ക്‌ ഒരു ശല്യമാകുകയുമില്ല.മറ്റു ചെറുജനുസ്സകളെപോലെ കുട്ടികളുമായി അത്രപെട്ടെന്ന് ഇണങ്ങിയെന്നു വരില്ല.പരിശീലിപ്പിക്കുവാനും പരിചരിക്കുവാനും പൊതുവെ എളുപ്പമാണ്‌.നീളമുള്ള രൊമം ഉള്ളവയെ നന്നായി ബ്രഷ്‌ ചെയ്തു സംരക്ഷിച്ചില്ലെങ്കില്‍ വളരെപെട്ടെന്ന് ചര്‍മ്മ രോഗങ്ങള്‍ പിടിപെടുവാനും രോമം കൊഴിഞ്ഞുപോകുവാനും ഉള്ള സാധ്യത കൂടുതലാണ്‌.പറമ്പിലെ പെരുച്ചാഴി/തുരപ്പന്‍ വിഭാഗത്തില്‍ പെടുന്ന എലികളെ വേട്ടയാടുന്നതില്‍ മിടുക്കന്മാരാണിവര്‍.


തൃശ്ശൂരില്‍ 600-1500 രൂപ വരെ കെന്നല്‍ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവക്ക്‌ വിലയുണ്ട്‌. കെന്നല്‍ ക്ലബ്ബിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവക്ക്‌ വില കൂടും. ഓര്‍ക്കുക കെന്നല്‍ക്ലബ്ബ്‌ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ കെന്നല്‍ മാര്‍ക്കറ്റില്‍ യാതൊരു ഡിമാന്റും ഇല്ല അതുകൊണ്ടു തന്നെ അവയെ വലിയ വിലകൊടുത്ത വാങ്ങാതിരിക്കുക.


വാല്‍മൊഴി: പൊക്കക്കുറവുകൊണ്ടുള്ള "കോമ്പ്ലക്സ്‌"കൊണ്ടാണോ അതോ ജനനം ജര്‍മ്മനിയില്‍(മഹാനായ ഹിറ്റ്‌ലര്‍ പൊക്കത്തില്‍ കുറവായിരുന്നെങ്കിലും ശൗര്യത്തില്‍ പുറകില്‍ ആയിരുന്നില്ലല്ലോ!) ആയതിനാലാണോ എന്നറിയില്ല അല്‍പ്പം മുന്‍ശുണ്ടിക്കാരാണിക്കൂട്ടര്‍ ശ്രദ്ധിച്ചു പെരുമാറിയില്ലെങ്കില്‍ കടികിട്ടും എന്നതിനു അനുഭവഞ്ജര്‍ ഒത്തിരിയുണ്ട്‌.

Wednesday, September 12, 2007

പഗ്ഗ്‌


നിങ്ങള്‍ എവിടെ പോയാലും ഹച്ചിന്റെ നെറ്റ്‌വര്‍ക്കും നിങ്ങളെ പിന്തുടരുന്നു എന്ന പരസ്യം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞത്‌ ആ പര്യസ്യത്തിലെ കുട്ടിയെ പിന്തുടരുന്ന പഗ്ഗ്‌ ഇനത്തില്‍പെട്ട "നായ്ക്കുട്ടി"യിലൂടെയായിരുന്നു. നമ്മുടെ നാട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കിടയില്‍ ആ പരസ്യത്തിന്റെ സ്വാധീനംകൊണ്ട്‌ പഗ്ഗും പ്രിയപ്പെട്ടതായി മാറി.ഇന്നീ കുസൃതിക്കുടുക്ക പല മലയാളികുടുമ്പങ്ങളിലേയും "ഒരംഗമായി" തീര്‍ന്നിരിക്കുന്നു.


ചൈനയാണ്‌ ഇവയുടെ ജന്മദേശമായി കരുതപ്പെടുന്നത്‌.അവിടെ നിന്നും ടിബറ്റിലും ജപ്പാനിലും ഇന്ത്യന്‍ ഭൂഘണ്ഡത്തില്‍ വ്യാപാരത്തിനു വന്നവര്‍ വഴി യൂറോപ്പിലും എത്തപ്പെട്ടു.പിന്നീട്‌ പഗ്ഗിന്റെ സുവര്‍ണ്ണ കാലമായിരുന്നു എന്നു പറയാം. പ്രഭുകുടുംബങ്ങളിലും മറ്റും അവ ആഡ്യത്ത്വത്തിന്റെ പ്രതീകമായി വിരാജിച്ചു.ചരിത്ര സംഭവങ്ങളുടെ ഭാഗമാവുക കൂടി ചെയ്തതോടെ പഗ്ഗിന്റെ പ്രശസ്തി ഒന്നുകൂടെ കൂടി. 15-16 നൂറ്റാണ്ടുകളില്‍ ഉള്ള പ്രസിദ്ധമായ പെയ്ന്റിങ്ങുകളില്‍ പോലും അവ സ്ഥാനം പിടിച്ചിരുന്നു.


വലിപ്പത്തില്‍ ചെറുതാണെങ്കിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഇവ പൊതുവെ ശാന്തസ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവയും ബുദ്ധിമാന്മാരും ആണ്‌.അപരിചിതരെ കണ്ടാല്‍ കുരച്ച്‌ മുന്നറിയിപ്പുതരുന്ന കാവല്‍ നായയായും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന കളിത്തോഴനായും ഇവയെ അതുകൊണ്ടുതന്നെ സ്ഥലസൗകര്യം കുറഞ്ഞ ഇടങ്ങളില്‍ പോലും വളര്‍ത്തുവാന്‍ സൗകര്യമാണ്‌.വീട്ടിനകത്തു വളര്‍ത്താവുന്ന വിഭാഗത്തില്‍ പെടുന്നു ഇവ. ലാളന ഇഷ്ടപ്പെടുന്ന ഇവയുടെ കൈവളം ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ചില നമ്പറുകളും ഉണ്ട്‌,എന്നാല്‍ ദേഷ്യം വരുന്നസമയത്തെ പഗ്ഗിന്റെ ചുണപിടിച്ച മോന്തകാണുവാന്‍ നല്ല രസമാണ്‌.


വീടിനകത്ത്‌ വളര്‍ത്തുന്നതുകൊണ്ട്‌ കുട്ടികളുമായും കുടുംബത്തിലെ അംഗങ്ങളുമായും അടുത്ത്‌ ഇടപഴകുന്നതിനാല്‍ തന്നെ നായ്ക്കളില്‍ നിന്നും പകരാവുന്ന -പല വിധത്തിലുള്ള ചൊറി,അലര്‍ജി,വിരകള്‍- അസുഖങ്ങളെകുറിച്ച്‌ മുങ്കരുതല്‍ എടുക്കുന്നത്‌ നല്ലതാണ്‌.


ഉയരക്കുറവും മുഖത്തെചുളിവുകളും വളഞ്ഞ ചെറിയ വാലും വീണുകിടക്കുന്ന ചെവിയും ഇവയുടെ സൗന്ദര്യം കൂട്ടുന്നു.തിളക്കമുള്ള ചെറിയ രോമങ്ങള്‍ ആയതിനാല്‍ ചീകി വൃത്തിയാക്കുവാന്‍ എളുപ്പമാണ്‌.മുഖം കറുപ്പും ഭാക്കി ഭാഗം വെളുപ്പ്‌,ഇളം മഞ്ഞയോ തവിട്ടുനിറമോ ആണ്‌ സാധാരണ കണ്ടുവരുന്ന പഗ്ഗുകളില്‍ അധികവും.എന്നാല്‍ പൂര്‍ണ്ണമായും കറുപ്പുനിറത്തിലും സില്വര്‍ ഓറഞ്ച്‌ രനിറത്തിലും ഉള്ള പഗ്ഗുകള്‍ ഉണ്ട്‌. പൂര്‍ണ്ണവളര്‍ച്ചയെത്തിയ പഗ്ഗുകള്‍ക്ക്‌ തൂക്കം ഏകദേശം 6-8 കിലോ വരെ ഉണ്ടാകും.


വിലയെ കുറിച്ചുപറഞ്ഞാല്‍ പതിനായിരം മുതല്‍ മുകളിലേക്ക്‌ ആണ്‌ പഗ്ഗുകളുടെ വില. ഇമ്പോര്‍ട്ട്‌ ചെയ്തവക്ക്‌ വിലകൂടുതല്‍ ആണ്‌.അതുകൊണ്ടുതന്നെ കച്ചവടക്കാര്‍ ഇമ്പോര്‍ട്ട്‌ ചെയ്തതാണെന്ന് പറഞ്ഞ്‌ കബളിപ്പിക്കുവാന്‍ സാധ്യതയുണ്ട്‌.കെന്നല്‍ ക്ലബ്ബുകളുടെ റെജിസ്ട്രേഷന്‍ ഉള്ള നായ്ക്കുട്ടികളെ മാത്രം തിരഞ്ഞെടുക്കുക,കെന്നല്‍ക്ലബ്ബ്‌ രജിസ്ട്രേഷനില്ലാത്ത നായ്ക്കള്‍ക്ക്‌ ഒരിക്കലും ഉയര്‍ന്ന വില കിട്ടാറില്ല അല്ലെങ്കില്‍ ഉയര്‍ന്നവില നല്‍കരുത്‌.റെജിസ്ട്രേഷന്‍ അംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്‌ നായ്ക്കുട്ടിയെ വാങ്ങുമ്പോള്‍ തന്നെ പരിശോധിച്ച്‌ ഉറപ്പുവരുത്തുക.


ചിത്രത്തിനു കടപ്പാട്‌ ഗൂഗിള്‍ സെര്‍ച്ചിനോട്‌.

കാവലിനും കൂട്ടിനും ശ്വാനന്മാര്‍

www.paarppidam.blogspot.com-ല്‍ പ്രസിദ്ധീകരിച്ചതിന്റെ പുന പ്രസിദ്ധീകരണം.

വീടിനു കാവലായും വീട്ടുകാര്‍ക്ക്‌ ഒരു അരുമയായും നായ്ക്കളെ വളര്‍ത്തുന്നത്‌ സാധാരണമാണ്‌. പഴയകാലത്തെതില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സാധാരണക്കാര്‍ പോലും "ബ്രാന്റഡ്‌" നായ്ക്കളെയാണ്‌ വളര്‍ത്തുവാന്‍ താല്‍പര്യപ്പെടുന്നത്‌.ഉദാഹരണമായി "ഹച്ചിന്റെ പരസ്യത്തില്‍ ഉള്ള നായക്കുട്ടി എന്റെ വീട്ടിലും ഉണ്ട്‌" എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഇന്ന് ധാരാളം.പലരും മറ്റുള്ളവര്‍ക്കു മുമ്പില്‍ മേനിനടിക്കുവാന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്‌.

വീടു കാവലിനായി നായ്ക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ജര്‍മ്മന്‍ ഷെപ്പെര്‍ഡ്‌,ഡോബര്‍മാന്‍ പിന്‍ഷ്വര്‍,ലാബ്രഡോര്‍ റിട്രീവര്‍,ഗ്രേറ്റ്‌ ഡാന്‍,റോട്ട്‌ വീലര്‍,ഡാല്‍മേഷ്യന്‍, രാജപാളയം(ജന്മദേശം തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്‌) തുടങ്ങിയ വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെട്ട നായ്ക്കളെയാണ്‌ പരിഗണിക്കേണ്ടത്‌.ഇതില്‍ റോട്ട്‌ വീലര്‍ എന്ന വിഭാഗത്തില്‍ പെടുന്ന നായക്കള്‍ അപകടകാരികളാണ്‌. പൊതുവേ "വണ്‍ മാന്‍ ഡോഗ്‌" എന്ന് അറിയപ്പെടുന്ന ഇവയെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നാല്‍ പല വിധത്തിലുള്ള അപകടങ്ങളും ക്ഷണിച്ചുവരുത്തുകയാകും ഫലം.ഇവയെ സ്ത്രീകള്‍ക്ക്‌ പൊതുവെ കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടായിരിക്കും.അപകടകാരിയായതിനാല്‍ ചില രാജ്യങ്ങളില്‍ ഇവയെ നിരോധിച്ചിട്ടുണ്ട്‌ എന്നാണ്‌ അറിയുന്നത്‌.എന്നാല്‍ കാവലിനു വളരെയധികം മിടുക്കന്മാരാണ്‌ ഈ വിഭാഗത്തില്‍ പെട്ട നായക്കള്‍ എന്നത്‌ വിസ്മരിക്കാനാകില്ല.

ഡോബര്‍ മാനും,ജര്‍മ്മന്‍ ഷെപ്പേര്‍ഡും,ലാബ്രഡോറും, പൊതുവെ വളര്‍ത്തുവാന്‍ എളുപ്പമുള്ളവയാണ്‌.സ്ത്രീകളുമായും കുട്ടികളുമായും ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതും താരതമ്യേന അപകടകാരിയുമല്ലാത്തതാണ്‌ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായക്കള്‍.താര തമ്യേന ശൗര്യം കുറവാണ്‌ ഈ വിഭാഗത്തില്‍ പെടുന്നവക്ക്‌ (ലാബര്‍ഡോര്‍ വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ സിനിമയിലെ ചില രംഗങ്ങളില്‍ ആളുകളെ കടിച്ചുകീറുന്നത്‌ കണ്ടിട്ട്‌ തെറ്റിദ്ധരിക്കേണ്ട).വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെട്ടുന്ന നായ്ക്കള്‍ക്ക്‌ ധാരാളം വ്യായാമം ആവശ്യമാണ്‌.വീടിനു ചുറ്റും മതിലോ വേലിയോ കെട്ടിത്തിരിച്ച്‌ അവയെ തുറന്നു വിടാവുന്നതാണ്‌.പെണ്‍ പട്ടികള്‍ക്കാണ്‌ നായ്ക്കളേക്കാള്‍ കാവലിനു ജാഗ്രത കൂടുതല്‍.
വീടിനകത്ത്‌ അരുമയായി വളര്‍ത്തുവാന്‍ പൂഡില്‍,പോമറേനിയന്‍,ഡാഷ്‌ ഹൂണ്ട്‌,പഗ്ഗ്‌ തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവയെ തിരഞ്ഞെടുക്കാം.വീടിനകത്ത്‌ രോമം കൊഴിയുവാനും മറ്റും ഉള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ താരതമ്യേന രോമം കുറഞ്ഞ ഡാഷ്‌ ഹൂണ്ട്‌ ആയിരിക്കും കൂടുതല്‍ നല്ലത്‌.(സൂക്ഷിച്ചില്ലേല്‍ നല്ല കടിയും കിട്ടും)

നായക്കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍:ആദ്യം തന്നെ തങ്ങള്‍ക്ക്‌ ഏതു വിഭാഗത്തില്‍ പെട്ട നായ്ക്കുട്ടികളെ ആണ്‌ വേണ്ടതെന്ന് നിശ്ചയിക്കുക. നായ്ക്കുട്ടികള്‍ക്ക്‌ വേണ്ടത്ര തൂക്കവും ആരോഗ്യവും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്‌.കണ്ണില്‍ നിന്നും മറ്റു ശരീരഭാഗങ്ങളില്‍ നിന്നും വെള്ളം ഒലിക്കുന്നവയെ തിരഞ്ഞെടുക്കരുത്‌.ഉറക്കം തൂങ്ങികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും വേണ്ടെന്ന് വെക്കുക.ഓരോ വംശത്തിനും നിറത്തിലും ആകാരത്തിലും മറ്റും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്‌.ഇത്തരം കാര്യങ്ങളില്‍ വ്യതിയാനം ഉള്ളവയെ ഒഴിവാക്കുക.

കച്ചവടക്കാര്‍ പലപ്പോഴും അതിശയോക്തി നിറഞ്ഞ കാര്യങ്ങളും തന്തക്കും തള്ളക്കും മല്‍സരങ്ങളില്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്നും മറ്റും പറയും തുടര്‍ന്ന് വന്‍ വിലയായിരിക്കും നായ്ക്കുട്ടികള്‍ക്ക്‌ പറയുക.വിപണിയിലെ വിലനിലവാരത്തെക്കുറിച്ച്‌ അന്വേഷിച്ചതിനു ശേഷം മാത്രം വാങ്ങുക.കച്ചവടക്കാര്‍ പലയിടങ്ങളില്‍ നിന്നും വാങ്ങികൊണ്ടുവന്ന് വില്‍ക്കുന്നത്‌ സാധാരണമാണ്‌.അതിനാല്‍ നായ്ക്കുട്ടികളുടെ തള്ളയേയും തന്തയേയും കണ്ട്‌ ബോധ്യപ്പെട്ടതിനു ശേഷം വാങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്‌. പേഡിഗ്രി ഉള്ളവയെ ആണ്‌ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ യദാര്‍ത്ഥമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌.(പെഡിഗ്രി എന്നത്‌ കെന്നല്‍ ക്ലബ്ബുകള്‍ നായക്കളുടെ വംശശുദ്ധിക്ക്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ആണ്‌)പൊതുവെ ഇവക്ക്‌ വില കൂടുതല്‍ ആയിരിക്കും.

സാധാരണ നിലക്ക്‌ ഇപ്പോള്‍ തൃശ്ശൂരില്‍ ഡാഷ്‌ ഹൂണ്ട്‌ 1000-1500 ,ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌ 2500-8000, ഡാല്‍മേഷ്യന്‍ 2000-5500,പഗ്ഗ്‌ (ഹച്ച്‌ ഫെയിം) 12000-25000,ഡോബര്‍ മാന്‍ 2000-3500,റോട്ട്‌ വീലര്‍ 6000-25000,ഗ്രേയ്റ്റ്‌ ഡാന്‍ 3500-8000 വരെയാണ്‌ വില.ഇതില്‍ പെഡിഗ്രിയുടേയും നായ്ക്കളുടെ പ്രത്യേകതയുടേയും അടിസ്ഥാനത്തില്‍ വിലയില്‍ വ്യതിയാനം ഉണ്ടാകാം.(ചില സുഹൃത്തുക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും ലഭിച്ച വിവരമാണ്‌ മുകളില്‍ കൊടുത്തത്‌ ഈ വിലയില്‍ തന്നെ ചിലത്‌ അതിശയോക്തി നിറഞ്ഞതാണെന്ന് എനിക്ക്‌ തോന്നായ്കയില്ല) ടെയിനിങ്ങ്‌ കിട്ടിയ നായക്കള്‍ക്കും മല്‍സരങ്ങളില്‍ സമ്മാനം നേടിയ നായക്കള്‍ക്കും ഇറക്കുമതിചെയ്തവക്കും വില കൂടുതല്‍ ആണ്‌. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നായ്ക്കളെ ഇറക്കുമതി ചെയ്യാറുണ്ട്‌ ഇവയുടെ വില ലക്ഷങ്ങളാണ്‌.

ഭക്ഷണവും പരിചരണവും:

നായക്കളുടെ ഭക്ഷണക്രമത്തിലും നല്ലവണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്‌.നായക്കള്‍ക്ക്‌ രണ്ടു നേരം ഭക്ഷണം നല്‍കുന്നതായിരിക്കും നല്ലത്‌. രാത്രിയില്‍ നായ്ക്കള്‍ക്ക്‌ ഭക്ഷണം ഒഴിവാക്കിയാല്‍ അവ രാത്രിയില്‍ ഉറങ്ങാതിരിക്കുവാന്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്‌.കേടായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവക്ക്‌ നല്‍കരുത്‌.ചോറ്‌ പാല്‌ ഇറച്ചി മുട്ട എന്നിവക്ക്‌ പുറമേ പാക്കറ്റില്‍ വരുന്ന ഡോഗ്‌ ഫുഡ്ഡുകളും നല്‍കാവുന്നതാണ്‌.വിറ്റാമിന്‍ ഗുളികകളും വിരയിളക്കുവാനുള്ള മരുന്നുകളും സമയാ സമയങ്ങളില്‍ നല്‍കണം. കൂടാതെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കുത്തിവെപ്പുകളും നല്‍കേണ്ടതുണ്ട്‌.റാബീസിനെതിരായ കുത്തിവെയ്പ്പും ഒരു വിദഗ്ദനായ വെറ്റിനറി ഡോക്ടരുടെ ഉപദേശപ്രകാരം നല്‍കാവുന്നതാണ്‌.

നായക്കള്‍ക്ക്‌ മുറിവുപറ്റിയാല്‍ അവയുടെ മുഖവും കൈകാലുകളും കെട്ടിയിടാതെ മരുന്ന് പുരട്ടുവാന്‍ ശ്രമിക്കരുത്‌. ആറുമാസത്തില്‍ ഒരിക്കലെങ്കിലും നായയെ ഡോക്ടറെക്കൊണ്ട്‌ പരിശോധിപ്പിക്കുന്നത്‌ നല്ലതാണ്‌.നായ്ക്കളെ വൃത്തിയായി ബ്രഷ്ചെയ്തും കുളിപ്പിച്ചും സൂക്ഷിക്കുക.(ബാര്‍ സോപ്പ്‌ ഉപയോഗിക്കരുത്‌ അത്‌ നായ്ക്കളുടെ സ്കിന്നിലെ എണ്ണമയം തീരെ ഇല്ലാതാക്കും) കുളിപ്പിക്കുമ്പോള്‍ അവയുടെ ചെവിയില്‍ വെള്ളം കയറാതിരിക്കുവാന്‍ പഞ്ഞിവെക്കുന്നത്‌ നല്ലതാണ്‌ അതുപോലെ ചെവിക്കകത്ത്‌ ചെള്ള്‌ പേന്‍ മുതലായവ ഉണ്ടോ എന്ന് പരിശോധിക്കുക.ചെള്ള്‌ പേന്‍ എന്നിവയെ ഒഴിവാക്കുവാന്‍ വേണ്ട പൗണ്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്‌.ഓര്‍ക്കുക നായ്ക്കളില്‍ നിന്നും മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്ക്‌ വളരെപെട്ടെന്ന് പല വിധ രോഗങ്ങള്‍ പകരാം, അതുപോലെ അവയെ കളിപ്പിക്കുമ്പോള്‍ പല്ലും നഖവും കൊണ്ടുള്ള മുറിവുകളും ഉണ്ടാകാം. മുറിവുപറ്റിയാല്‍ ഉടനെ ഡോക്ടറെകണ്ട്‌ ചികിത്സ തേടാന്‍ മറക്കാതിരിക്കുക. അത്‌ റാബീസ്‌ വാക്സിന്‍ നല്‍കിയ നായ്ക്കളില്‍ നിന്നായാലും.

കൂട്‌:
വീടു നിര്‍മ്മിക്കുന്ന വേളയില്‍ തന്നെ സ്ഥാനം നിശ്ചയിക്കുകയും അതിനനുസരിച്ച്‌ നായ്കൂട്‌ ക്രമീകരിക്കുക.ഗേറ്റും ഫ്രണ്ട്‌ ഡോറും നായക്കള്‍ക്ക്‌ കാണാന്‍ സാധിക്കുന്ന വിധത്തില്‍ ആയിരുന്നാല്‍ കൂടുതല്‍ നല്ലത്‌.വളര്‍ത്തുവാന്‍ ഉദ്ദേശിക്കുന്ന ഇനം അനുസരിച്ച്‌ വലിപ്പം കൂടിനുണ്ടായിരിക്കണം.ഒന്നിലധികം എണ്ണത്തെ വളര്‍ത്തുവാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ തുറക്കാവുന്ന രീതിയില്‍ കള്ളികള്‍ തിരിക്കുന്നതും നല്ലതാണ്‌. കൂടിനു ചുരുങ്ങിയത്‌ അഞ്ചടിയെങ്കിലും പൊക്കം ഉണ്ടായിരിക്കണം.കൂടു കഴുകുമ്പോള്‍ ഉണ്ടാകുന്ന വെള്ളവും നായയുടെ മൂത്രവും ഒഴുകിപ്പോകുവാന്‍ ആവശ്യത്തിനു സ്ലോപ്പ്‌ നല്‍കിയിരിക്കണം നല്‍കിയിരിക്കണം. നാചുറല്‍ സ്റ്റോണുകള്‍ കൊണ്ട്‌ ഫ്ലോറിങ്ങ്‌ നടത്തുന്നത്‌ നന്നായിരിക്കും.

പ്രചനനം: നായ്‌വളര്‍ത്തല്‍ ഒരു നല്ല വരുമാന മാര്‍ഗ്ഗം കൂടിയാണ്‌.വളര്‍ത്തി പ്രജനനം ചെയ്യീച്ച്‌ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള വിഭാഗത്തില്‍ പെട്ട നായ്ക്കളെ വേണം തിരഞ്ഞെടുക്കുവാന്‍.ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌,ഡാഷ്‌ ഹൂണ്ട്‌, ഡോബര്‍മാന്‍ തുടങ്ങിയവക്ക്‌ എല്ലാകാലത്തും ആവശ്യക്കാര്‍ ഉണ്ട്‌.പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഉള്ള നായ്ക്കള്‍ക്ക്‌ വില കൂടുതല്‍ ലഭിക്കും.ഇനി നിങ്ങളുടെ കൈ വശം ഗുണനിലവാരമുള്ള "സ്റ്റഡ്‌ ഡോഗ്‌" ഉണ്ടെങ്കില്‍ പെണ്‍പട്ടിയുമായി മേറ്റ്‌ ചെയ്യിക്കുന്നതിനു പണമായോ പകരം നായ്‌ കുട്ടിയേയോ പ്രതിഫലമായി വാങ്ങാവുന്നതാണ്‌.മദിലക്ഷണം (പെണ്‍ പട്ടിയുടെ യോനിയില്‍ നിന്നും രക്തവും അടങ്ങിയ ശ്രവം വരും) കാട്ടുന്ന പെണ്‍പട്ടിയെ മുങ്കൂട്ടി നിശ്ചയിച്ച ആണ്‍പട്ടിയുടെ കൂട്ടിലേക്ക്‌ വിടുകയാണ്‌ പതിവ്‌. ചില പട്ടികള്‍ പരസ്പരം കടികൂടാന്‍ ഇടയുണ്ട്‌ ഇത്‌ ശ്രദ്ധിക്കണം.(കൂടാതെ ഹീറ്റായ പെണ്‍പട്ടിയുടെ സമീപം മണംപിടിച്ച്‌ എത്തുന്ന "ഭൈമീ കാമുകന്മാരെ"ശ്രദ്ധിച്ചില്ലേല്‍ സംഗതി കുഴപ്പമാകും) സാധാരണയായി 60 ദിവസമാണ്‌ ഒരു പെണ്‍പട്ടിയുടെ ഗര്‍ഭകാലം. വിവിധ ഇനങ്ങള്‍ക്കനുസരിച്ച്‌ 2 മുതല്‍ 14 വരെ കുട്ടികള്‍ ഉണ്ടാകാം. പ്രസവിച്ച ശേഷം പെണ്‍പട്ടി കുട്ടികളെ തിന്നുന്നത്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌.വേണ്ടത്രപോഷകാഹാരക്കുറവാണിതിനു കാരണം എന്ന് പറയപ്പെടുന്നു. പ്രസവിച്ച പട്ടിക്ക്‌ ഗ്ലൂക്കോസ്‌ ചേര്‍ത്തവെള്ളവും ദഹിക്കുവന്‍ എളുപ്പമുള്ള ഭക്ഷണവും നല്‍കേണ്ടതുണ്ട്‌.പട്ടി പാല്‍ നല്‍കുവാന്‍ വിസ്സമ്മതിക്കുകയോ വേണ്ടത്രപാല്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ കൃത്രിമമായി കുട്ടികളെ ഫീഡ്‌ ചെയ്യെണ്ടതുണ്ട്‌.പ്രസവിച്ചുകിടക്കുന്ന പട്ടികളുടെ അടുത്തുപോകുമ്പോള്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ അവ അപകടകാരികള്‍ ആകാറുണ്ട്‌.ഡോബര്‍മാന്‍,റോട്ട്‌ വീലര്‍ തുടങ്ങിയ ചില ജാനസ്സുകളുടെ വാല്‍ മുറിച്ചുകളയാറുണ്ട്‌.പ്രസവിച്ച്‌ രണ്ടാഴ്ചകഴിഞ്ഞതിനുശേഷം രണ്ടാമത്തേയോ മൂന്നാമത്തേയോ കശേരുവില്‍ വച്ച്‌ വിദഗ്ദനായ ഒരു ഡോക്ടര്‍ക്ക്‌ അനായാസം ചെയ്യാവുന്നതാണിത്‌. ആണ്‍പട്ടിക്കും പെണ്‍പട്ടിക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ അവയുടെ കുട്ടികള്‍ക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. ഇതിനു ചില നിബന്ധനകള്‍ ഉണ്ട്‌.


ട്രെയിനിങ്ങ്‌: ട്രെയിനിങ്ങ്‌ നല്‍കിയാല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ നായ്ക്കള്‍ക്കാകും.മണംപിടിക്കുന്നതിനുള്ള ഇവയുടെ കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌. വളര്‍ത്തുനായക്കള്‍ക്ക്‌ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ട്രെയിനിങ്ങ്‌ നല്‍കുന്നത്‌ നല്ലതാണ്‌. സാധാരണയായി ഇരിക്കുവാനും കുരനിര്‍ത്തുവാനും വിളിച്ചാല്‍ നമ്മുടെ അടുത്തേക്ക്‌ വരുവാനും ചില പ്രത്യേക സ്ഥലത്ത്‌ മാത്രം വിസര്‍ജ്ജനം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ട്രെയിനിങ്ങ്‌ ഉടമക്ക്‌ തന്നെ നല്‍കാവുന്നതാണ്‌.അപരിചിതരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുവാതിരിക്കാന്‍ ഇവയെ പരിശീലിപ്പിക്കുക.പരിശീലനത്തിനായി ഇന്ന് പ്രൊഫഷണല്‍ ഡോഗ്‌ ട്രെയിനര്‍ മാരെ ലഭ്യമാണ്‌.കൂടാതെ ഇതിനായി സ്കൂളുകളും ഉള്ളതായി അറിയുന്നു.

ഒരിക്കല്‍ കൂടെ ഓര്‍ക്കാന്‍:
* മറ്റുള്ളവര്‍ വളര്‍ത്തി വലുതാക്കിയ നായ്ക്കളെ വാങ്ങാതിരിക്കുക.അതുപോലെ മറ്റുള്ളവരെക്കൊണ്ട്‌ നിങ്ങളുടെ നായ്ക്കളെ ലാളിക്കുവാന്‍ അനുവധിക്കാതിരിക്കുക.
* ബൗണ്ടറിയില്ലാത്തിടത്ത്‌ നായ്ക്കളെ അഴിച്ചിട്ടു വളര്‍ത്താതിരിക്കുക.
* പ്രചനനത്തിനായി നായ്ക്കളെ "മേറ്റ്‌" ചെയ്യീക്കുമ്പോള്‍ അവ രോഗാവസ്ഥയില്‍ അല്ലെന്ന് ഉറപ്പുവരുത്തുക.
* ഒരുപ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള പട്ടികളുടെ കുട്ടികളെ ഒഴിവാക്കുക.
* പരിചയക്കാരില്‍ നിന്നും മാത്രം നായക്കുട്ടികളെ വാങ്ങുവാന്‍ ശ്രദ്ധിക്കുക.
* അസുഖമുള്ളതോ കാഴ്ചക്കുറവ്‌ കേള്‍വിക്കുറവ്‌ നടക്കാന്‍ ബുദ്ധിമുട്ട്‌ എന്നിവയുള്ള നായ്കുട്ടികളെ ഒഴിവാക്കുക.
* വളര്‍ന്നുവരുമ്പോള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം നായ്ക്കളെ ഒഴിവാക്കുക.* നായ്ക്കളില്‍ നിന്നും കുട്ടികളെ അകത്തിനിര്‍ത്തുക.
* സമയാസമയങ്ങളില്‍ മരുന്നുകളും കുത്തിവെപ്പുകളും നല്‍കുക, നായക്ക്‌ വേണ്ടത്ര പരിചരണവും പരിഗണനയും നല്‍കുവാന്‍ കഴിയാത്തവര്‍ ദയവുചെയ്ത്‌ അവയെ വളര്‍ത്താതിരിക്കുക.
* അനാവശ്യമായി അവയെ ഉപദ്രവിക്കരുത്‌. ട്രെയിനിങ്ങിനു നല്ല ക്ഷമ വേണം.(അതു മനുഷ്യനല്ല നായയാണെന്ന ബോധത്തോടെ പെരുമാറുക)
* ഭക്ഷണം വെള്ളം വ്യായാമം എന്നിവ കൃത്യമായി നല്‍കുക. ദീര്‍ഘകാലം അവയെ തുടലില്‍ ഇടാതിരിക്കുക.
* നായ്‌വളര്‍ത്തലില്‍ മുന്‍ പരിചയം ഇല്ലാത്തവരും വേണ്ടത്ര കമാന്റിങ്ങ്‌ പവര്‍ ഇല്ലാത്തവരും വംശ ശുദ്ധിയുള്ള റോട്ട്‌ വീലര്‍ വിഭാഗത്തില്‍ പെട്ടവയെ ഒഴിവാക്കുക.ഒരു മനുഷ്യനെ കടിച്ചുകൊല്ലുവാന്‍ റോട്ട്‌ വീലര്‍ വിഭാഗത്തില്‍ പെടുന്ന നായക്ക്‌ നിഷ്‌പ്രയാസം സാധിക്കും.
നായ്‌ വളര്‍ത്തലിനെകുറിച്ച്‌ വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്‌.


ഇനി ഒരു അനുഭവ രഹസ്യം കൂടെ പകല്‍സമയത്ത്‌ നായയെ മറ്റുള്ളവരെ കാണിക്കാതെ വീടിനു പുറകുവശത്തോമറ്റോ ഒളിപ്പിച്ചുവളര്‍ത്തിയാല്‍ അവക്ക്‌ കൂടുതല്‍ ശൗര്യം ഉണ്ടായിരിക്കും.

Monday, September 3, 2007

നായ്ക്കളെ കുറിച്ച്‌ ഒരു ബ്ലോഗ്ഗ്‌.

ദയവായി നായ്ക്കളെ മനുഷ്യരോടും മന്ത്രിയോടും ഉപമിക്കരുത്‌. കാരണം നായ്ക്കള്‍ നന്ദിയുള്ളവരും വിശ്വസ്ഥരും ആണ്‌.(ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കരുതേ!)പുരാണങ്ങളില്‍ വരെ പരാമര്‍ശമുണ്ട്‌ നായ്ക്കളെ കുറിച്ച്‌. മനുഷ്യരുടെ ജീവിതവുമായി ഇഴപിരിക്കാനാകാത്ത ബന്ധമാണ്‌ നായ്ക്കള്‍ക്കുള്ളത്‌. നായ്ക്കളെ ഒത്തിരി സ്നേഹിക്കുന്നതുകൊണ്ടു തന്നെയാണ്‌ ഞാന്‍ അവരെകുറിച്ച്‌ ഒരു ബ്ലോഗ്ഗ്‌ തുടങ്ങുവാന്‍ തീരുമാനിച്ചതും.
നായ്ക്കളെ കുറിച്ച്‌ ഒരു ബ്ലോഗ്ഗെന്ന ആശയം കുറച്ചുനാളായി ആലോചനയില്‍. എന്റെ അറിവും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച വിവരങ്ങളും ചില സുഹൃത്തുക്കളുടെ സഹായവും ഉണ്ട്‌. ഇക്കാര്യത്തില്‍ വായനക്കാരുടെ കൂടെ സഹായം പ്രതീക്ഷിച്ചുകൊള്ളുന്നു. പോസ്റ്റിങ്ങ്‌ അടുത്തുതന്നെ തുടങ്ങും.