Monday, November 24, 2008

അഫ്ഗാൻ ഹൂണ്ട്

ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും.ഇന്റർനെറ്റിൽ ഇതു പ്രസിദ്ധീകരിച്ചവരോടും.

ഒറ്റനോട്ടത്തിൽ തന്നെ കാഴ്ചക്കാരന്റെ മനം കവരുന്ന സുന്ദരൻ നായ എന്ന് വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. പൊക്കവും ഭംഗിയുള്ള നിറത്തോടുകൂടിയ സമൃദ്ധമായതും നീളമുള്ളതുമായ സിൽക്കി രോമവും ആണിവയുടെ അഴകിന്റെ രഹസ്യം.അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ ആണിവയുടെ ജന്മദേശം എങ്കിലും ഇന്നിവ സമ്പന്നരായ നായ്‌വളർത്തലുകാരുടെ അഭിമാന ചിഹ്നമായി മാറിയിരിക്കുന്നു.നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ നായ് ജനുസ്സിന്. പത്തൊമ്പതാം നൂറ്റാണ്ടിലും മറ്റും ബ്രിട്ടണിലെയും മറ്റും പ്രഭുക്കന്മാരുടെ ഇഷ്ട ജനുസ്സായിരുന്നു ഒരുകാലത്തിവ.

പൊക്കം 63-74 സെന്റീമീറ്റർ,തൂക്കം സാധാരണ ഗതിയിൽ 20 മുതൽ 30 കിലോ വരെ.നീളൻ രോമത്തിൽ തുരുമ്പിന്റെ നിറം,വെളുപ്പ്,കറുപ്പു തുടങ്ങി സമ്മിശ്രമായ നിറക്കൂട്ടുകൾ ഇവയുടെ പ്രത്യേകതയാണ്.ഒറ്റപ്രസവത്തിൽ ആറുമുതൽ എട്ടുവരെ കുഞ്ഞുങ്ങൾ ഇവക്കുണ്ടാകും.ശരാശരി ആയുസ്സ് 11 മുതൽ 13 വരെ ആണ്.

പൊതുവെ “മൂഡിയായി“ ഇരിക്കുന്ന ഇവ അപരിചിതരുമായി ഇടപെടുവാൻ ഇഷ്ടപ്പെടുന്നില്ല, അല്പം ആക്രമണകാരിയും ആണ്.മാത്രമല്ല ഇടക്കൽ‌പ്പം വശിക്കാരും ആണ്.കാവലിനായി ഉപയോഗിക്കാം എങ്കിലും കൂടുതൽ ആളുകളും ഇവയെ “ഷോക്ക്” വേണ്ടിയാണ് വളർത്തുന്നത്. ശരിയായ പരിശീലനം നൽകിയില്ലെങ്കിൽ ഇവ പലപ്പോഴും യജമനനു “ചീത്തപ്പേരു“ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പത്തിൽ അസുഖങ്ങൾ പ്രത്യേകിച്ചും ഫംഗസ്സ് ബാധ ഉണ്ടാകുവാൻ ഇടയുണ്ട്.

പാരമൊഴി: ഭംഗിയുള്ള ചില പെണ്ണുങ്ങളെ പോലെ ആണിവ. കാണാൻ കൊള്ളാം പെരുമാറാൻ കൊള്ളില്ല.കൊണ്ടുനടക്കുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ.ഒരു കൌ‌തുകത്തിനു സ്വന്തമാക്കിയാൽ സംഗതി പിന്നീട് പുലിവാലാകും..

ഡാൽമേഷ്യൻ

ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും നെറ്റിൽ ഇതു നൽകിയവരോടും.

ഡാൽമേഷ്യൻ ജനുസ്സിൽ ഉള്ള നായ്ക്കളെ മറ്റുള്ളവയിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ വേർതിരിക്കുന്നത് ഇവയുടെ ശരീരത്തിലെ പുള്ളികൾ ആണ്.വെളുത്ത നിറത്തിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിൽ(അപൂർവ്വമായി കടും നീലയും,ലിവർ നിറവും മറ്റും ഉണ്ടാകാം) ഉള്ള പുള്ളികൾ ഇവയുടെ സൌന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. നോവലുകളിലും,ചിത്രകഥകളിലും , പരസ്യങ്ങളിലും,സിനിമകളിലും (101 ഡൽമേഷ്യൻ പോലുള്ള) ഇവയുടെ ഈ പ്രത്യേകത പലപ്പോഴും അവയുടെ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവു പകർന്നിട്ടുണ്ട്.


നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു ജനുസ്സാണ് ഡാൽമേഷ്യൻ. ഇവയുടെ ജന്മദേശത്തെപറ്റി പല അഭിപ്രായങ്ങളും ഇന്നും നിലനിൽക്കുന്നു എങ്കിലും ക്രൊയേഷ്യയുടേ തെക്കൻ ഭാഗങ്ങളിൽ ഉള്ള ഡാൽമേഷ്യയിൽ ആണിവയുടെ ജന്മദേശം എന്നും അതിനാലാണീ പേരു ലഭിച്ചതെന്നും കൂടുതൽ പേർ വിശ്വസിക്കുന്നു.


ഉയർന്ന ശിരസ്സും പുറകിലേക്ക് പോകുമ്പോൾ തഴ്ന്ന് വരുന്ന ശരീരവും ഇവയുടെ പ്രത്യേകതയാണ്.അധികം രോമം ഉള്ളവയല്ല ഇവ. പൊക്കം 54 മുതൽ 61 സെന്റീമീറ്ററും സാധാരണഗതിയിൽ 20-27 കിലോ തൂക്കവും വരും ഇവക്ക്. വെളുപ്പിൽ കറുപ്പോ ലിവറിന്റെ നിറമോ ആണിവയുടെ “അംഗീകൃത“ നിറം.11 മുതൽ 3വർഷം വരെ സാധരണഗതിയിൽ ഇവ ജീവിക്കുന്നു.
നല്ല ചുറുചുറുക്കുള്ള ഇവ പൊതുവെ ശാന്ത സ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവും ആണെങ്കിലും പ്രധാന ന്യൂനത മറ്റു ജനുസ്സുകളെ അപേക്ഷിച്ച് രോമം ധാരാളമായി കൊഴിയുന്നു എന്നതണ്,വെളുത്ത നിറം ആയതിനാല ഇടക്കിടെ ശരീരം വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് എടുത്തുകാണിക്കും.കൂടാതെ ഈ വർഗ്ഗത്തിനിടയിൽ ജനിതക വൈകല്യം മൂലം ചെവികേൾക്കാത്ത നായ്ക്കുട്ടികൾ ധാരാളം ഉണ്ട്. പലപ്പോഴും ഇവ കുരക്കുന്നില്ല/ജാഗ്രതയില്ല എന്ന് പരാതി പറയുന്നത് കേൾക്കാം,ഒരു പക്ഷെ ഇത് കേൾവിക്കുറവിന്റെ പ്രശനം കൊണ്ടാകാം.
നാട്ടിൽ ഇവക്ക് ഏകദേശം 2500 രൂപ മുതൽ മുകളിലേക്ക് വിലയുണ്ട്.പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ളവക്ക് വിലകൂടും.

രാജപാളയംചിത്രത്തിനു കടപ്പാട് ഗൂഗിളിനോടും നെറ്റിൽ ഈ ചിത്രം കൊടുത്ത വിക്കിപീഡിയ കൂടാതെ മറ്റു വല്ലവരും ഉണ്ടെങ്കിൽ അവരോടും.


ഇന്ത്യൻ ജനുസ്സിൽ പെട്ട ഈ നായ്ക്കൾ തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്‌ ധരാളമായി കണ്ടുവരുന്നു,ഇതിൽ നിന്നും ആണ്‌ ഇവക്ക്‌ രാജപാളയം എന്ന പേരു ലഭിച്ചത്‌.പണ്ട്‌ രാജഭരണകാലത്ത്‌ ഇവയെ വേട്ടക്കായും യുദ്ധത്തിനായും ഒക്കെ ഉപയോഗിച്ചിരുന്നു.ഇന്ന് ഇവയുടെ എണ്ണം വളരെ കുറവാണ്‌,വംശനാശം സംഭവിക്കാതിരിക്കുവാൻ നായ്പ്രേമികളും തമിഴ്‌നാട്‌ സർക്കാരും ഇവയെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌.


വർക്കിങ്ങ്‌ ഗ്രൂപ്പിൽ പെടുന്നതണ്‌ രാജപാളയം നായ്ക്കൾ.ഓടിനടക്കുവാൻ ധാരാളം സ്ഥലം ആവശ്യമുള്ള ഇവയെ ശരിയായി പരിശീലനം നടത്തിയാൽ ഈ വിഭാഗത്തിൽ പെടുന്ന മറ്റു വിദേശജനുസ്സുകൾക്കൊപ്പം നിർത്താം. രോമം കുറഞ്ഞ്‌ അധികം തടിയില്ലാത്ത ശരീരവും കൂർത്തമുഖവും ഉള്ള തഴേക്ക്‌ തൂങ്ങിക്കിടക്കുന്ന ചെവികളോടും കൂടിയവയാണ്‌ രാജപാളയം നായ്ക്കൾ.ഇവയുടെ മൂക്കിന്റെ തുമ്പത്ത്‌ ഇളം പിങ്ക്‌ നിറം കാണാം.65-75 സെന്റീമീറ്റർ വരെ ആണു ഇവിയയുടെ ഉയരം. നിറം അധികവും ഇളം മൻഞ്ഞയോ മഞ്ഞകലർന്ന വെളുപ്പോ ആയിരിക്കും. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവർ ഉടമസ്ഥർക്ക്‌ ശല്യം ഉണ്ടാക്കാത്തവയാണ്‌.അപരിചിതരെ അകറ്റിനിർത്തുന്നതിൽ ഇവ പ്രത്യേകം ശ്രദ്ധാലുക്കളാണ്‌.നല്ല ഒരു കാവൽ നായ എന്നതിനു ഏറ്റവും അനുയോജ്യമായ വിഭാഗമാണ്‌ രാജപാളയം.ഇന്ത്യൻ ജാനുസ്സായതിനാൽ പൊതുവെ അസുഖങ്ങൾ കുറവുമാണ്‌.


ഇനിയും വേണ്ടത്ര പ്രചാരം ഇവക്ക് ലഭിച്ചിട്ടില്ല എന്നതണ് സത്യം.ഒരു പക്ഷെ ഇവയുടെ അപ്പിയറൻസ് അത്രക്ക് മികച്ചതല്ലാത്തതിനാൽ ആയിരിക്കും കേരളത്തിലെ ശ്വാനപ്രേമികൾക്കിടയിലും ഇവ അത്രകണ്ട് സ്വീകര്യർ അല്ലാത്തത്.

പിന്മൊഴി:വിലയെ കുറിച്ച് വ്യക്തമായ അറിവു ലഭ്യമല്ല.നായ്ക്കളെ കുറിച്ച് വിവരം തന്നിരുന്ന വിശ്വംഭരേട്ടൻ നമ്മെ വിട്ടുപോകുകയും ചെയ്തു.