
ചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോട്.
ഒറ്റനോട്ടത്തിൽ ഒരു പൊണ്ണത്തടിയൻ നായ് ഇതായിരിക്കും നീയോപോളിറ്റൻ മാസ്തിഫ് എന്ന ജാനസ്സിൽ പെട്ട നായ്ക്കളെ കാണുന്നവരിൽ ഉണ്ടാകുന്ന വികാരം. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ശരീരവും തലയിലും മുഖത്തും വലിയ ചുളിവുകളും താഴേക്ക് തൂങ്ങിക്കിടക്കുന്ന താടയും നെപ്പോളിയൻ നീയോപോളിറ്റന്റെ പ്രത്യേകതയാണ്.ജന്മംകൊണ്ട് ഇറ്റലിക്കാരായ ഇവ മികച്ച കാവൽ നായക്കളാണ്. വളരെ പഴക്കം ചെന്ന ജാനസ്സിൽ പെട്ട ഇവ ചരിത്രത്തിൽ പലയിടത്തും സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.വേട്ടപട്ടികൾ എന്ന നിലയിൽ മാത്രമല്ല യുദ്ധരംഗത്തും ഇവ തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്.
കുട്ടികളുമായി പെട്ടെന്ന് ഇണങ്ങുകയും പൊതുവെ ഒറ്റയജമാനന്മാരെ അനുസരിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഇവ ശാന്ത സ്വഭാവക്കാരുമാണ്. എന്നാൽ അപരിചിതരെയും അധിക്രമിച്ചുകടക്കുന്നവരെയും ഇവ വളരെ കാര്യക്ഷമമായി തന്നെ നേരിടുകയും ചെയ്യും. കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കുവാൻ ഉള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. തീർച്ചയായും ഒരു കൗതുകം തോന്നി ഇവയെ സ്വന്തമാക്കുവാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവയുടെ ആരോഗ്യപരിചരണം തന്നെയാണ്.ഭക്ഷണത്തിലും ശുചിത്വത്തിലും ഈ ജനുസ്സ് പ്രത്യേക ശ്രദ്ധ വേണ്ടവയാണ്.ഇവയുടെ തൊലിയുടെ ചുളിവുകളിൽ പൂപ്പൽ ബാധയും,ചെള്ളുകളും മറ്റും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.വേണ്ട രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഇവയുടെ ശരീരത്തിൽ നിന്നും പെട്ടെന്ന് ദുർഗ്ഗന്ധം ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുവെ ചൂടുകാലാവസ്ഥ ഇവക്ക് അനുയോജ്യമല്ല.
കറുപ്പ്,ഗ്രേ,മഹാഗണി തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന ഇവയുടെ മേൽ ബ്രൗൺ,സിൽവർ,ബേജ് നിറങ്ങളിൽ വരകളും ചിലപ്പോൾ ഉണ്ടാകാരുണ്ട്.കാലിലും നെഞ്ചിലും വെളുത്തചുട്ടിയും സാധാരണമാണ്. അറുപത്താറുമുതൽ എൺപതുസെന്റീമീറ്റർ ഉയരവും (പെൺ പട്ടികളിൽ ഇത് യഥാക്രമം അഞ്ചുസെന്റീമീറ്റർ വേ കുറവ് ഉണ്ടാകാം) അറുപതുമുതൽ എഴുറ്റ്പത് വരെ കിലോ തൂക്കവും ആണ് സാധാരണ ഇവയ്ക്ക് കണ്ടുവരുന്നത്. തൂക്കത്തിന്റെ കാര്യത്തിൽ പലപ്പോഴും ഇവ മുൻപന്തിയിലാണ്.