Thursday, December 4, 2008

റോട്‌വീലർ rottweilerചിത്രത്തിനു കടപ്പാട് ഗൂഗിൾ സെർച്ചിനോടും ഈ ചിത്രം ഇന്റർനെറ്റിൽ ഇട്ടവരോടും


നല്ല കരുത്തും ശൌര്യവും ജഗ്രതയും ഒത്തുചേർന്ന ഒരു മികച്ച ഇനം കാവൽ നായയാണ് റോട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോട്‌വീലർ.തന്റെ “അധികാര” പരിധിയിൽ കടന്നുകയറുന്നവരെ അതിഭീകരമായി ആക്രമിക്കുന്നതിൽ ഇവ മുൻ പന്തിയിൽ ആണ്. റോമാക്കാർ ഇവയെ യുദ്ധത്തിനും,ആട്ടിൻ പറ്റങ്ങളെ സംരക്ഷിക്കുവാനും മറ്റും ധാരാളം ഉപയോഗിച്ചു. ലോകമഹാ യുദ്ധങ്ങളിൽ ഇവയുടെ സേവനം പ്രത്യേകിച്ച് ഹിറ്റ്ലറുടെ നാസിപ്പടക്ക് വളരെ അധികം പ്രയോജനം ചെയ്തിട്ടുണ്ട്.തങ്ങളുടെ കഴിവിന്റെ മികവിൽ പോലീസ്,ആർമി തുടങ്ങിയ വിഭാഗങ്ങളിൽ ഇവയെ ധാരാളമായി കാണാം.

ഉരുണ്ട തലയും കൂസലില്ലാത്തതും ഗൌരവം നിറഞ്ഞതുമായ മുഖഭാവം ഇവ മറ്റു ഇനങ്ങളിൽ നിന്നും റോടിനെ വേർതിരിച്ചു നിർത്തുന്നു. വൺ‌മാൻ ഡോഗ് എന്ന വിശേഷണത്തിനു അനുയോജ്യനായ ഇവൻ അപരിചിതരെ തീരെ ഇഷ്ടപ്പെടുന്നില്ലെന്നുമാത്രമല്ല വളർത്തുന്ന വീട്ടിലെ തന്നെ എല്ലാ അംഗങ്ങളേയും സൌഹൃദം കൂടുവാൻ അനുവദിക്കില്ല. ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന ഇവയെ പരിശീലിപ്പിക്കുവാൻ എളുപ്പമാണ്. എന്നാൽ ശ്രദ്ധയോടെ വളർത്തിയില്ലേൽ അനുസരണക്കേട് പെട്ടെന്ന് കാണിക്കുന്ന ഇവ ഗൌരവക്കാരല്ലാത്ത യജമാനന്മാരെ ഇഷ്ടപ്പെടുന്നുമില്ല.ഇത്തരക്കാർക്ക് യോജിച്ച ഇനമല്ല റോട്.നമ്മുടെ നാട്ടിൽ പലരും ഇവയെ വളർത്തുവാൻ തുടങ്ങുകയും പിന്നീട് നിയന്ത്രിക്കുവാൻ ആകാതെ ഒഴിവാക്കുകയും ചെയ്യുന്നത് ഉദാഹരണം.കുട്ടികളുമായി അടുക്കുവാൻ ഇവ താ‍ല്പര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല, അപകടകാരിയായ ഒരു റോട്‌വീലർ ഒരു പക്ഷെ കുട്ടികളെ കടിച്ച് കൊന്നെന്നും ഇരിക്കാം.ലോകത്തിലെ ആക്രമണകാരികളായ മുൻ നിരയിൽ സ്ഥാനം പിടിക്കുവാൻ ഇവയുടെ “ മുരടനും ആക്രമണം മുറ്റിയതുമായ സ്വഭാവം” ഇടയാക്കി.ചില രാജ്യങ്ങൾ ഇവയെ നിരോധിക്കുകയോ വളർത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

നിറം:കറുപ്പിൽ തുരുമ്പിനെ നിറം കണ്ണിനു മുകളിലും കൈകാലുകളിലും നെഞ്ചിലും ഉണ്ടായിരിക്കും.നീളം കുറഞ്ഞതും മിനുസ്സമുള്ളതുമായ രോമങ്ങളോടു കൂടിയ ശരീരം.
പൊക്കം: ആൺ പട്ടികൾക്ക് 61-68 സെന്റീമീറ്ററും പെൺപട്ടികൾക്ക് 56-63 സെന്റീമീറ്ററും വരെ.
ഒറ്റ പ്രസവത്തിൽ ശരശരി 6-10 വരെ കുട്ടികൾ ഉണ്ടാകും.
ഈ ജനുസ്സിന്റെ വാൽ പ്രസവിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ മുറിച്ചുകളയുന്നു.നാല്പതുമുതൽ അമ്പതു വരെ കിലോഗ്രാം തൂക്കം വരുന്ന ഇവ നല്ലവണ്ണം വ്യായാമം ആവശ്യമായ ജനുസ്സാണ്.ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഇവ പെട്ടെന്ന് ചത്തുപോകുവാൻ ഇടയുണ്ട്.ശരാശരി 8-10 വരെ വയസ്സുവരെ ഇവ ജീവിച്ചിരിക്കും എങ്കിലും അസുഖം വന്നാൽ ചികിത്സിക്കുവാൻ ബുദ്ധിമുട്ടാണ്.

നമ്മുടെ നാട്ടിൽ റോട് എന്ന പേരിൽ ഉള്ള പലതും മറ്റു ജനുസ്സുകളുമായുള്ള കലർപ്പു മൂലം യദാർഥ റോടിന്റെ ഗുണം കാണിക്കുന്നില്ല. ചിലപ്പോളെല്ലാം ഡോബർമാന്റെ ക്രോസും റോട് എന്ന പേരിൽ വീലകുറച്ച് വിപണനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ള റോടിനു വില ഏകദേശം 15,000നു മുകളിൽ വരും.


ശൌര്യവും ആത്മാഭിമാനവും ഉള്ള ഇവയെ നായ്ക്കളിലെ ഹിറ്റ്ലർ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.


വാൽമൊഴി: അനുസരണയില്ലാത്ത ഒരു റോടിനെ കാണുന്നു എങ്കിൽ തീർച്ചയായും ഉറപ്പിക്കാം അത് അതിന്റെ കുഴപ്പം അല്ല, അതിന്റെ ഉടമ ഒരു റോടിനെ വളർത്തുവാൻ കൊള്ളാത്തവൻ ആയിരിക്കും എന്ന്.

6 comments:

paarppidam said...

വാൽമൊഴി: അനുസരണയില്ലാത്ത ഒരു റോടിനെ കാണുന്നു എങ്കിൽ തീർച്ചയായും ഉറപ്പിക്കാം അത് അതിന്റെ കുഴപ്പം അല്ല, അതിന്റെ ഉടമ ഒരു റോടിനെ വളർത്തുവാൻ കൊള്ളാത്തവൻ ആയിരിക്കും എന്ന്.


റോടിനെ കുറിച്ച് പുതിയ പോസ്റ്റിട്ടിരിക്കുന്നു.മികച്ച ഒoരു നായജനുസ്സിൽ പെട്ട കക്ഷി റോംമിൽ നിന്നും- ജർമ്മനിയിൽ നിന്നും ഒക്കെ വന്നവൻ ആണ്.

ദീപക് രാജ്|Deepak Raj said...

പ്രധാനമായും റോട്ട് വീലര്‍ ഒരു വെക്തിയെ മാത്രം അനുസരിക്കുന്ന ബ്രീഡ് ആണ്.തന്നെയുമല്ല ആദ്യമായി പട്ടിയെ വളര്‍ത്താന്‍ നോക്കുന്ന ആള്‍ക്ക് ചേരുന്ന ഇനവും അല്ല.പിന്നീട് വളരെ ശക്തനായ ഇനം ആയതിനാല്‍ ഉടമയും കരുത്തനാവണം എന്ന് ചുരുക്കം. പക്ഷെ നായയെ വളര്‍ത്തുവാനും പരിശീലിപ്പിക്കുവാനും ക്ഷമയും ശ്രദ്ധയും അറിവും ടെക്നിക്കും മതി..പക്ഷെ റോട്ടിനെ വളര്‍ത്താന്‍ ആരോഗ്യവും വേണം.. പിന്നെ അവയുടെ വംശം.... വളരെ അഗ്ഗ്രെസ്സിവ് ആയ വംശപരമ്പരയില്‍ പെട്ട ചില ഇനം എത്ര ശ്രമിച്ചാലും (പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്കന്‍ ഡോഗ് ഫൈറ്റിംഗ് വംശത്തില്‍ പെട്ട) നേരെയാവാന്‍ പ്രയാസമാണ്.
ആള്‍ ജര്‍മ്മന്‍കാരനാണെങ്കിലും ഇന്നു അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിട്ടുന്ന മികച്ച ഇനം റോട്ടുകള്‍ വരുന്നതു യുഗോസ്ലാവിയില്‍ നിന്നും,ലാറ്റിന്‍ അമേരിക്കയില്‍ നിന്നും,അമേരിക്കയില്‍ നിന്നും മറ്റുമാണ്.(ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രീഡേഴ്സ് മിക്കവരും യുഗോസ്ലാവ്യയില്‍ നിന്നാണ് വരുത്തുന്നത്...)
അതിനാല്‍ ചിലപ്പോള്‍ ഇത്തരം നിര്‍ബന്ധബുദ്ധിയുള്ള കുരുത്ത ക്കെടുകാരും വന്നുചേരും..അപ്പോള്‍ വളര്‍ത്തുന്നവരെ മാത്രം കുറ്റം പറയാന്‍ കഴിയില്ല..
എനിവേ നല്ല പോസ്റ്റ്.. (ഇത്തരം തലതിരിഞ്ഞ ചില വിദേശ ബ്രീടുകളെ വളര്‍ത്തിയ അനുഭവം വച്ചു പറഞ്ഞതാണ്.)

കുതിരവട്ടന്‍ :: kuthiravattan said...

പണ്ട് ഈ ബ്രീഡിന്റെ പേരു പോലും കേട്ടിരുന്നില്ല. പക്ഷെ ഈയിടെയായി നാട്ടില്‍ ഇവനാൺ ഡിമാന്ഡ് എന്നു തോന്നുന്നു.

യാമിനിമേനോന്‍ said...

ഇത്രക്ക് പ്രശ്നക്കാരനണേല്‍ പിന്നെ എന്തിനാ ഈ ജനുസ്സില്‍ ഉള്ളവയെ വളര്‍ത്തുന്നെ?

prakashettante lokam said...

എന്തിനാണ് ചില നായ്ക്കളുടെ വാല് മുറിച്ചുകളയുന്നത്.

prakashettante lokam said...

ദീപക് രാജിന്റെ വരികള്‍ നല്ല അറിവ് പകരുന്നതാണ്.എന്റെ അടുത്ത വീട്ടില്‍ ഇത്തരക്കാരനായ ഒരുത്തനുണ്ട്. ഈ പ്രദേശം മുഴുവനും കേള്‍ക്കും അവന്റെ ഗര്‍ജ്ജനം.

നായ്ക്കളെ എവിടുന്ന് ട്രെയിന്‍ ചെയ്ത് കിട്ടും.